
Article by FOOTEM
ഈ വേനൽക്കാലത്ത് സൗദി പ്രോ ലീഗിലേക്ക് താരം കൂടുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെ, മാധ്യമങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ബാഴ്‌സലോണ സൂപ്പർ താരം റാഫിഞ്ഞ രംഗത്ത്.
“ബാഴ്‌സലോണയിൽ എത്തിയ ആദ്യ ദിവസം മുതൽ ഞാൻ ക്ലബ് വിടുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഞാൻ ഇവിടെ തുടരുന്നത് ചിലർക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് മാധ്യമങ്ങൾ. ഇതിൽ ഒരാൾ നിരന്തരം നുണകൾ പ്രചരിപ്പിക്കുകയാണ്,” 29-കാരനായ താരം പറഞ്ഞു.
“ആ ലേഖനം എഴുതിയ ആൾ തന്നെ എന്നെക്കുറിച്ച് മുൻപും പല അസത്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഞാൻ ക്ലബ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്നും, ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഞാൻ പറഞ്ഞെന്നും ഒക്കെയാണ് ഇവർ എഴുതിപ്പിടിപ്പിക്കുന്നത്.”
“ഇയാൾ നുണകൾ മാത്രമാണ് പറയുന്നത്. വാർത്തകൾ എഴുതുമ്പോൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് ഇയാളുടെ പതിവാണ്,” താരം കൂട്ടിച്ചേർത്തു.
ബ്രസീലിയൻ മുന്നേറ്റനിര താരമായ റാഫിഞ്ഞയെ കൈവിടാൻ ബാഴ്‌സലോണക്ക് ആഗ്രഹമില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിലെ തങ്ങളുടെ പദ്ധതികളിൽ താരത്തിന് നിർണായക സ്ഥാനമുണ്ടെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്.
We also published this blog on footem.in.